Advertisement

CET യെ തകർക്കാനുള്ള നീക്കത്തിനെതിരെ ജൂലൈ 22ന് കരിദിനം ആചരിക്കും . CET സംരക്ഷണസമിതി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും സർക്കാർ പിന്തിരിയുന്നതിനും വാണിജ്യവൽക്കരണത്തിനും തുടക്കം കുറിച്ച് അഭിമാന സ്ഥാപനമായ തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളേജിനെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ കോൺസ്റ്റിറ്റ്യവന്റ്കോളേജ് ആക്കി മാറ്റുന്നതിനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് CET സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 2002ൽ വേൾഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായി അക്കാദമിക് ഓട്ടോണമിയുടെ പേരിൽ സമാനശ്രമം അധ്യാപകരും വിദ്യാർത്ഥികളും ചെറുത്ത് തോൽ പ്പിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പുതിയ നീക്കം മെരിറ്റും സാമൂഹ്യനീതിയും അട്ടിമറിക്കുക മാത്രമല്ല സർക്കാർ പിന്തുണയുള്ള സ്ഥാപനത്തെ തന്നെ ഇല്ലാതാക്കും.സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 22ന് കരിദിനം ആചരിക്കുവാൻ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും മറ്റു അഭ്യുദയകാംക്ഷികളും ചേർന്ന് രൂപീകരിച്ച സംരക്ഷണ സമിതി തീരുമാനിച്ചു.

2026 -27 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ തീരുമാനത്തിന്റെ ഭാഗമായി സർക്കാർ ജൂലൈ 15ന് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് നടപടികൾ അതിവേഗം മുന്നോട്ടു കൊണ്ടുപോവുകയാണ്. എന്നാൽ അധ്യാപകർ, വിദ്യാർഥികൾ,ജീവനക്കാർ,പൂർവ്വ വിദ്യാർത്ഥികൾ, പൊതുസമൂഹം എന്നിവരുമായി യാതൊരു കൂടി ആലോചനയും നടത്താതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. CET വാർഷിക ചെലവ് 400 കോടിയിൽ അധികമാണ്നിലവിൽ ഈ ചിലവ് സംസ്ഥാന ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള വരുമാനം മാത്രം ഉപയോഗിച്ച് ഈ ബാധ്യത ഏറ്റെടുക്കാൻ കെ ടി യൂവിന്സാ ധിക്കില്ല,അതിനാൽ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കുകയും അഫിലിയേഷൻ ഫീസ് ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്നും അതിന്റെ ഭാരം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മേൽ പതിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും ഉയർന്ന എൻട്രൻസ് റാങ്ക് ഉള്ള വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന സിഇടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അപ്രാപ്യമാവുകയും മെറിറ്റ് അപ്രസക്തമായി പൊതുമേഖല വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തിന് തിരിച്ചടി ആവുകയും ചെയ്യും.

ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള സേവന വ്യവസ്ഥകളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഇത് ഒരു ഭരണപരമായ പുനക്രമീകരണം മാത്രമല്ല കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ആണെന്ന് സമിതി വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നൂറിൽ അധികം ഏക്കർ ക്യാമ്പസും 700 ഓളം അധ്യാപക അനധ്യാപക ജീവനക്കാരും അന്തർദേശീയ ദേശീയ അംഗീകാരം ഉള്ള കേരളത്തിലെ പ്രമുഖ സർക്കാർ എൻജിനീയറിങ് കോളേജിനെ സർവകലാശാലയുടെ നിയന്ത്രണത്തിലേക്ക് മാറ്റുന്നത് പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് ഘടകവിരുദ്ധമാണെന്നും സമിതി വ്യക്തമാക്കി.

വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മാതൃക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർ കലാശാല ഭരണ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള നീക്കമായാണ് വിദ്യാഭ്യാസ മേഖലയിലെ വലിയൊരു വിഭാഗം ഈ തീരുമാനത്തെ കാണുന്നത്. പൊതുവിദ്യഭ്യാസ സംരക്ഷണത്തിനായുള്ള ഈ പോരാട്ടം വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ മാത്രം ഉത്തരവാദിത്വമല്ല എന്നും മുഴുവൻ ജനാധിപത്യ സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സിഇ ടി സംരക്ഷണ സമിതി ആഹ്വാനം ചെയ്തു.

കരിദിന ആചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും പൂർവ്വ വിദ്യാർത്ഥികളും ജനാധിപത്യ വിശ്വാസികളും പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും സമിതി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *